Search This Blog

Sunday, 19 June 2011

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പ്. സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന വിസ്മയതീരം.... 

കടലുകള്‍ പുണരുന്ന കന്യാകുമാരി. വൈവിധ്യത്തിന്റെ സാഗരസംഗമം. നാഞ്ചിനാടിന്റെ ഹൃദയഭൂമി. പഴയ തിരുവിതാംകൂറിന്റെ നെല്ലറ. സമതലത്ത് വിശാലമായ നെല്‍പ്പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും പൂന്തോപ്പുകളും താമരപ്പൊയ്കകളും. തീരദേശത്ത് ഹരിത കേരസമൃദ്ധി. മലനിരകളില്‍ റബ്ബറിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും കൃഷി. മണ്‍പാത്ര നിര്‍മ്മാണം, ശില്‍പ്പനിര്‍മ്മാണം, കൈത്തറി എന്നിവ മറ്റ് തൊഴില്‍രംഗങ്ങള്‍. കടലും മലയും കൈകോര്‍ക്കുന്ന മണ്ണില്‍ ഇറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകത.

മൂന്നലകടലുകള്‍ മുത്തമിടുന്ന അപൂര്‍വ്വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന മുനമ്പില്‍ മണല്‍ത്തരികള്‍ക്കു പോലും നിറഭേദം പ്രകടം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ്. നിറപൗര്‍ണ്ണമി നാളില്‍ സൂര്യാസ്തമയവും ചന്ദ്രോദയവും കന്യാകുമാരി തീരത്ത് ഒരേ സമയം ദൃശ്യമാകും. 

No comments: