Search This Blog

മഴ

ഒരു ചെറുകുറിപ്പില്‍ ഒതുങ്ങില്ല മഴയുടെ മുഴുസത്യം. നിറകൊണ്ട വേനലിന്റെ നിറുകയില്‍ നിന്നാണ് മഴ വരുന്നത് എന്നത് അതിനെ ഭൗതികേതരമാക്കുന്നു. അതായത്, കടുത്തതാപം, നീരാവി, ഘനീഭവിക്കല്‍ തുടങ്ങിയ ശാസ്ത്രതത്ത്വങ്ങളിലൂടെ അതിനെ വിശദീകരിക്കാനാവുമ്പോഴും 'എങ്ങനെ' എന്നുമാത്രമേ ആവുന്നുള്ളൂ. മറ്റു സന്ദേഹങ്ങള്‍ പെയ്‌തൊടുങ്ങുകയില്ല.

നമ്മുടെ സിന്തറ്റിക് ജീവിതത്തിന്റെ അതാര്യമായ ആവരണങ്ങള്‍ക്കുള്ളിലേക്കും കിനിഞ്ഞിറങ്ങും മഴത്തുള്ളികള്‍. ആധുനികോത്തര കാലത്തും ഇടിമിന്നലില്‍ പൗരാണികമായ ഒരു നടുക്കം നാം അനുഭവിക്കുന്നു. ഒരു വംശപൂര്‍വികന്‍ ഉടല്‍ക്കെട്ടില്‍നിന്ന് മഴയിലേക്ക് കുതറുന്നു ഇപ്പോഴും. സ്വയം ബഹിഷ്‌കൃതരാവാന്‍ ശ്രമിച്ചാലും മഴയുടെ ഗന്ധം നമ്മെ മണ്ണിലേക്ക് വിളിക്കുന്നുണ്ട്. മഴകൊണ്ടുമാത്രം മണ്ണിനുണ്ടാകുന്ന സൂക്ഷ്മ പരിവര്‍ത്തനങ്ങള്‍.വെള്ളത്തിന് വാസ്തവത്തില്‍ എത്രകോടി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അനന്തമായ ഒരു ചാക്രികതയിലൂടെ അതിന്റെ ഗൂഢസഞ്ചാരത്തില്‍ പഴയതോ പുതിയതോ അല്ലാത്ത, വാക്കില്ലാത്ത ഒരു അര്‍ഥത്തില്‍ അത് നടനം ചെയ്യുന്നു. പുരാതനമായ ജലം പുതുമഴയാകുന്നു, അത് ഭൂമിയെ പുതുക്കുകയും ചെയ്യുന്നു. ഭൂമി ഉണ്ടായതില്‍പ്പിന്നെ പെയ്ത ഓരോ മഴയും വാസ്തവമാകുന്നു. അഴുക്കു പുരണ്ട ഒരു കുഞ്ഞിനെ ഇത്തിരി ദേഷ്യപ്പെട്ട് കുളിപ്പിക്കുന്ന അമ്മയെപ്പോലെ മഴ, ഭൂമിയെ കഴുകുന്നു. വീണ്ടും പുരട്ടുന്നു നമ്മള്‍ ചോരയും കണ്ണീരും വിഷവും.മഴയ്ക്കുണ്ട് ഒരു ദേവീഭാവം. നിരവധി കരങ്ങളോടെ, അഴിഞ്ഞുലഞ്ഞ ചികുരഭാവത്തോടെ ഉറഞ്ഞു തുള്ളുന്ന അമ്മദൈവം. ഖഡ്ഗമുനകള്‍ പാളും, കടുന്തുടി ഉണരും. ഒരു കൈയില്‍ ജീവനും മറുകൈയില്‍ മൃത്യുവുമായി; ക്രൗര്യവും വാത്സല്യവുമായി; രതിയും വിരതിയുമായി. താളം മുറുകിക്കേറി തിമിര്‍ത്തടങ്ങുന്ന പഞ്ചവാദ്യംപോലെയാകുന്നു മഴ.സാമാന്യം നന്നായി ചോരുന്ന വീട്ടില്‍, പെയ്തു തീര്‍ന്നാലും പിറുപിറുപ്പ് തീരാത്ത കവുങ്ങിന്‍ പട്ടകള്‍ക്കും വാഴത്തഴപ്പുകള്‍ക്കുമിടയില്‍ എന്റെ ബാല്യത്തിന്റെ മഴ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിക്കളിച്ച് സ്‌കൂളിലെത്താന്‍ വൈകുന്നതിന്റെ ഓര്‍മ മഴ. പിന്നെ കൗമാരത്തിലെ കാല്പനിക മഴകള്‍. രാത്രിമഴ പെയ്തുകഴിഞ്ഞ് പരക്കുന്ന പുലരിവെയില്‍ പോലെ പ്രസാദാത്മകമായ മറ്റൊരു ആത്മീയാനുഭവമില്ല. നിന്നെ മറന്നിട്ടില്ല എന്ന ആകാശത്തിന്റെ ഭൂമിയോടുള്ള ഉരിയാട്ടമാണല്ലോ മഴ. ഭൂമിക്കും ആകാശത്തിനുമിടയിലെ ശൂന്യതയെ മഴ സജലമായി നികത്തുകയാണ്. അങ്ങനെ അവ രണ്ടല്ലാതാവുകയും ചെയ്യുന്നു. ആലിംഗനത്തിന്റെ ജലഭാഷയാകയാലാവാം പ്രണയികള്‍ മഴയെ അത്രമേല്‍ ഇഷ്ടപ്പെട്ടുപോകുന്നത്. സമുദ്രത്തില്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ അബോധത്തില്‍ ഉണര്‍ത്തുന്നുണ്ട് മഴ.മഴ ഉണ്ടാവുന്നതെങ്ങനെ എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല; എന്നു മാത്രമല്ല മഴ എന്ത് എന്നതിന്റെ വിസ്മയവും പെയ്തടങ്ങിയിട്ടില്ല. മഴയെക്കുറിച്ച് ഇനിയും പെയ്യാത്തവ ഒരുപാടുണ്ട് ഉള്ളില്‍

                                                                                                                                          മഴനീര്‍തുള്ളി


മഴയുടെ അന്‍പത് വര്‍ഷങ്ങള്‍




വീണ്ടും ഒരു മഴക്കാലം. കാലം തെറ്റി, പെയ്യാതെ പോകുന്ന, ഒരു കാലവര്‍ഷക്കാലം, പെയ്യാത്ത മഴകള്‍ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട താളുകളാണ്; പെയ്ത മഴകളോ ഓര്‍മ്മകളുടെ ബൃഹദാഖ്യാനവും. അനുഭവത്തിന്റെ മേച്ചില്‍സ്ഥലങ്ങളില്‍ അലഞ്ഞ് വീടിന്റെ തടങ്കലിലേക്ക് തിരിച്ചെത്തുമ്പോള്‍, അന്‍പതു കഴിഞ്ഞ ഒരാള്‍ക്ക്, ജാലകപ്പാളിക്ക് പുറത്ത് പെയ്യുന്ന മഴ, ഒരേസമയം വേദനയും, സാന്ത്വനവുമാണ്. അയാള്‍ കാണുന്നത്, അഥവാ കേള്‍ക്കുന്നത്, അപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന ഒരു മഴ മാത്രമല്ല. ബാല്യത്തിന്റെ നിഷ്‌കളങ്കതയും കൗമാരത്തിന്റെ ഉള്‍പ്പുളകങ്ങളും യൗവനത്തിന്റെ ആഘോഷങ്ങളും പിന്നിട്ട് വാര്‍ദ്ധക്യത്തിന്റെ സന്ദിഗ്ദ്ധമായ തീര്‍പ്പുകളെ പുല്‍കി നില്‍ക്കുന്ന അയാള്‍ക്ക്, താന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്‌നാനപ്പെട്ട അനേകായിരം മഴകളിലേക്ക്, അതുവഴി വ്യക്തിചരിത്രത്തിന്റെയും സമൂഹചരിത്രത്തിന്റെയും അകത്തളങ്ങളിലേക്ക് തുറക്കുന്ന വാതില്‍പ്പാളിയാണത്. മഴയ്ക്കുമുന്നില്‍, ഈശ്വരന് മുന്നിലെന്നപോലെ, എല്ലാവരും സമന്മാരാണ്. പക്ഷേ, ഓരോ മഴയും, ഓരോ മനുഷ്യനിലും, പലതായി പെരുകുന്ന ജീവചൈതന്യമാണ്. ഒരേ മഴ ആരും നനയുന്നില്ല. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ മഴക്കാലം നീക്കുപോക്കുകളില്ലാത്ത ദുരിതകാലമായിരുന്നു. കൃഷിയും കൊയ്ത്തും അതിജീവനവും മഴയെ മാത്രം ആശ്രയിച്ച് നടന്നുപോന്നുവെങ്കിലും, പഴമക്കാര്‍ക്ക് മഴയോട് ഭക്തിയും ഭീതിയും കലര്‍ന്ന ഒരുതരം ആരാധനയായിരുന്നു. മനുഷ്യ നിയന്ത്രണത്തിനപ്പുറത്തുള്ള എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന അമ്പരപ്പ് അവരുടെ ചലനങ്ങളെയും ചെയ്തികളെയും ചടുലമാക്കി.



കഞ്ഞിയും ചക്കപ്പുഴുക്കും


മേടത്തില്‍ നിനച്ചിരിക്കാതെ വന്നെത്തുന്ന 'കള്ളമഴ'കളെ നേരിടാന്‍ പുരകള്‍ വിഷുവിന് മുന്‍പേ കെട്ടിമേഞ്ഞിരിക്കണം എന്ന് ഏവര്‍ക്കും നിര്‍ബന്ധമായിരുന്നു. നെയ്പ്പുല്ലും മെടഞ്ഞ ഓലയും കൊണ്ട് നടത്തുന്ന 'പുരകെട്ടു'കള്‍, വറുതിയുടെ ആ കാലത്ത് കുട്ടികള്‍ ഉത്സവം പോലെ കാത്തിരുന്നു. വീട്ടുകാര്‍ മാത്രമല്ല അയല്‍ക്കാരും സുഹൃത്തുക്കളും കുട്ടികളും ചേര്‍ന്ന ഒരു വലിയ കൂട്ടായ്മയായിരുന്നു അത്. വാഴയിലയില്‍ വിളമ്പുന്ന ചക്കക്കറിക്കും പുഴുക്കിനും സമ്മന്തിക്കുമൊപ്പം കുണ്ടന്‍കിണ്ണത്തില്‍നിന്ന് പ്ലാവില കുമ്പിള്‍കുത്തി കോരിക്കുടിക്കുന്ന ചുടുകഞ്ഞി പുരകെട്ടിന്റെ ഒഴിവാക്കാനാവാത്ത വിഭവമായിരുന്നു. അയല്‍ക്കാര്‍ക്കും പുരകെട്ട് കാണാന്‍ വരുന്നവര്‍ക്കും വയറുനിറയെ കഞ്ഞിയും പുഴുക്കും കൊടുത്തില്ലെങ്കില്‍ മഴക്കാലത്ത് പുര ചോരും എന്നത് അക്കാലത്ത് ഒരന്ധവിശ്വാസമായിരുന്നില്ല.

വിദഗ്ദ്ധര്‍ക്ക് മാത്രം ചെയ്യാവുന്ന തൊഴിലായി കണക്കാക്കപ്പെട്ട പുരകെട്ട്, പരമ്പരാഗതമായി ചെയ്തുപോരുന്ന രണ്ടോ മൂന്നോ പേരേ ഒരു ഗ്രാമത്തിലുണ്ടാവൂ. കുംഭം, മീനം മാസങ്ങളില്‍ അവരുടെ തിരക്കൊഴിയാന്‍ ജനങ്ങള്‍ ഊഴമിട്ട് കാത്ത് നില്‍ക്കും. വാസ്തവത്തില്‍, 'പുരകെട്ട്' എന്ന വാക്ക് വളരെ പിന്നീടാണ് ഞങ്ങളൊക്കെ കേട്ടു തുടങ്ങുന്നത്. ഞങ്ങളുടെ നാട്ടില്‍ അത് 'പുരപുതുക്കല്‍' ആയിരുന്നു. കുന്നിന്‍പുറത്തെ പാറകളില്‍നിന്ന് മാസങ്ങള്‍ക്ക് മുന്‍പേ കൊയ്ത് കറ്റകളാക്കി പറമ്പില്‍ കൂനകൂട്ടുന്ന നെയ്പ്പുല്ലിന്, അതിന്റെ നിറത്തിലും മണത്തിലും പശിമയിലും, വല്ലാത്ത ഒരുതരം വിശുദ്ധി, തൊന്നിക്കാറുണ്ട്. പുരപുതച്ച് കഴിഞ്ഞ്, പുതിയ ഇറക്കോലകള്‍ കുടുമവെട്ടും പോലെ കത്രിച്ച് വൃത്തിയാക്കി, കാറ്റില്‍ പാറിപ്പോകാതിരിക്കാനായി പച്ചോലകള്‍ പിണച്ച് മോന്തായത്തില്‍ നിന്ന് നാലുഭാഗത്തേയ്ക്കും തൂക്കിയിട്ട്, പുരപുതക്കുന്ന 'കൈക്കോര്‍' ഏണിയുമായി നീങ്ങുമ്പോഴേയ്ക്കും ഏത് വീടും വനോഢയെപ്പോലെ പുഞ്ചിരിച്ചു തുടങ്ങും. 'വയറ് കാഞ്ഞാലും ചോരാണ്ട് ഒരു ഭാഗത്ത് കെടന്നൊറങ്ങാലോ' എന്ന് പ്രായം ചെന്നവര്‍, ദൈവത്തെ ഓര്‍ത്ത്, വരാനിരിക്കുന്ന മഴയെ ഓര്‍ത്ത്, ആശ്വസിക്കും. ഓടിട്ട വീടുകളിലും മഴക്കാലത്ത് ചോര്‍ച്ച പതിവായിരുന്നു. വേനല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ ഓടുകള്‍ക്കിടയിലെ വിള്ളലുകളില്‍ തെങ്ങോലച്ചീന്തുകള്‍ നിവര്‍ത്തി വച്ച് വിടവുകള്‍ അടയ്ക്കും. സ്ഥാനംതെറ്റിയ മൂലയോടുകള്‍ കുമ്മായക്കൂട്ടുകള്‍കൊണ്ട് ഉറപ്പിക്കും. പുല്ലുകൊണ്ടുതന്നെ കെട്ടിമേയുന്ന കൂട (വിറകുപുര)കളില്‍ വിറകടുക്കുകയാണ് മറ്റൊരു പ്രധാന ദൗത്യം. തടിക്കഷണങ്ങള്‍ മഴുകൊണ്ട് കീറി ഉണ്ടാക്കുന്ന വിറകുകമ്പുകള്‍, ഇല്ലിക്കമ്പുകള്‍, വെട്ടിയെടുത്ത ഉണങ്ങിയ ഓലയുടെ കെട്ടുകള്‍, ചകിരി, ചിരട്ട, മട്ടല്‍ എന്നിവ കൂടയുടെ വലിപ്പത്തിനനുസരിച്ച് പ്രത്യേകം തരംതിരിച്ച് അടുക്കിവയ്ക്കല്‍ രണ്ടും മൂന്നും ദിവസം നീണ്ടുനില്‍ക്കുന്ന അധ്വാനമാണ്. അമ്മൂമ്മമാര്‍ ഒഴിവുനേരങ്ങളില്‍ കാല്‍ നീട്ടിയിരുന്ന്, പഴയ വെള്ളശ്ശീലയുടെ തുണ്ടുകള്‍ ചീന്തിയെടുത്ത് കാല്‍വണ്ണയില്‍ ചുരുട്ടി നൂറുകണക്കിന് വിളക്കുതിരികള്‍ ഉണ്ടാക്കി കെട്ടിവയ്ക്കും. കര്‍ക്കിടകം കഴിയും മുന്‍പ് വീട്ടില്‍ വിളക്കുതിരി തീര്‍ന്നുപോകുന്നത് അശ്രീകരമായി കരുതിപ്പോന്നിരുന്നു. മഴയ്ക്കു മുന്‍പേയുള്ള ഇത്തരം മുന്നൊരുക്കങ്ങളെ 'മഴയുറപ്പിക്കല്‍' എന്നാണ് പഴമക്കാര്‍ വിശേഷിപ്പിച്ച് പോന്നത്.

ചൂരല്‍കഷായത്തിന്റെ ഓര്‍മ്മ



വെള്ളരിവള്ളികള്‍ കൂമ്പിയുണങ്ങി നില്‍ക്കുന്ന വയലുകള്‍ 'കാലിപൂട്ടി' ഉഴുത്, 'കട്ടക്കോയി' കൊണ്ട് ഉടച്ച് 'താറ്റി' മഴയെത്തും മുന്‍പേ നിലമൊരുക്കി കൃഷിക്കാര്‍ കാത്തിരിക്കും. ആള്‍പൊക്കത്തിലുള്ള കട്ടക്കോയി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് കട്ടയുടയ്ക്കുന്ന സ്ത്രീ ശരീരങ്ങള്‍ വേനലിന്റെ മൂര്‍ച്ഛയില്‍ ഇളകിയാടുന്ന പാമ്പുകളെപ്പോലെ കെട്ടുപിണയും. ആയാസത്തോടെ അവര്‍ പുറത്തേയ്ക്ക് വിടുന്ന ദീര്‍ഘശ്വാസം ''ഊയ്....ശ്, ഊയ്....ശ്'' എന്ന് വേദനാകരമായ ഈണമാവും. കുന്നിന്‍പുറത്ത് പുനംകൃഷി ഇറക്കേണ്ടവര്‍ വിഷുകഴിഞ്ഞ ഉടനെ കാടുകള്‍ വെട്ടിക്കൂട്ടി ഉണങ്ങാനിടും. മഴയ്ക്കു തൊട്ടുമുന്‍പ്, സന്ധ്യാനേരങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് മണ്‍പാനിയില്‍ വെള്ളവും വെട്ടിയെടുത്ത പച്ചത്തഴപ്പുകളുമായി കുന്നുകയറും. എരിയുന്ന തീയിന്റെ പര്‍വതജ്വാലകള്‍ക്കിടയില്‍ അന്തരീക്ഷത്തില്‍ പൊട്ടലുകളും ചീറ്റലുകളും പടര്‍ന്നുയരും. കാടിനടിയില്‍ വേനലഭയം കണ്ടെത്തിയ പാമ്പുകളും ഇഴജന്തുക്കളും ഗതികിട്ടാതെ പരക്കംപായും. കുന്നിന്‍മുകളില്‍ ആര്‍പ്പുവിളികളും ആക്രോശങ്ങളും ഉയരും. എല്ലാ വര്‍ഷവും മുടങ്ങാതെ ആഘോഷിക്കപ്പെടുന്ന ഈ ചടങ്ങിന് വന്യമായ ഒരനുഷ്ഠാനപരത ഉണ്ടായിരുന്നു. ഉടലുകളെ പൊള്ളിക്കുന്ന അഗ്നിയുടെ വാഴ്ചയ്ക്കുശേഷം, വരാനിരിക്കുന്ന മഴയുടെ കുളിരും കൂറും ആ തീത്തലപ്പുകള്‍ പ്രവചിച്ചിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, തീര്‍ത്ഥാട്ട് മലയും ഉളുമ്പുക്കുന്നും ചുറ്റി ഇടിവെട്ടിന്റെ അകമ്പടിയോടെ ഒരു മഴക്കാറ്റ് ഗ്രാമത്തിലെത്തും. ഉള്ളംകൈയിലെടുത്ത് ചന്തം നോക്കാനിടകിട്ടും മുന്‍പേ അലിഞ്ഞൂര്‍ന്ന് പോകുന്ന 'ആലിപ്പഴ'ങ്ങള്‍ പെറുക്കാന്‍ കുട്ടികള്‍ മുറ്റത്തും വീട്ടുപറമ്പിലും ഓടിനടക്കും. 'പുതുമഴ കൊണ്ടാല്‍ പനിയുറപ്പ്' എന്ന ശാസനയുമായി മുതിര്‍ന്നവര്‍ ചൂരലുമായി അവര്‍ക്ക് പിന്‍പേ ഓടും. തിമര്‍ത്തു പെയ്യുന്ന ആദ്യമഴയ്ക്കുശേഷം (മിക്കവാറും അത് വൈകുന്നേരങ്ങളിലാവും) പുതുമണ്ണിന്റെ മദഗന്ധവുമായി വരുന്ന രാത്രികള്‍ക്ക്, പൂര്‍ണ്ണ ഗര്‍ഭിണിയുടെ ആലസ്യവും മാന്ദ്യവും ഉണ്ടായിരുന്നു. അകാരണമായ ഉത്കണ്ഠയും വിഷാദവും അവയുടെ സഹജഭാവങ്ങളായിരുന്നു. സ്‌കൂള്‍ തുറക്കുന്നതോടെ മഴ ഒരു ശീലമായി കഴിഞ്ഞിരിക്കും. വാഴയുടെയും 'ഈയ്യച്ചേമ്പി'ന്റെയും വെട്ടിയെടുത്ത ഇലകളായിരുന്നു അക്കാലത്ത് കുടയുടെ ആദിരൂപങ്ങള്‍. പക്ഷേ, അവയ്ക്ക് സ്‌കൂളുകളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ശീലക്കുട പരിഷ്‌കൃതന്റെ 'നാമൂസ്' പോലെ ഒറ്റയും തെറ്റയുമായി നിവര്‍ന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, ഓലക്കുടയുണ്ടാക്കുന്ന കണിശന്‍ കുഞ്ഞിരാമേട്ടന്റെ വീട്ടില്‍ സ്‌കൂള്‍ തുറക്കും മുന്‍പേ കുട്ടികള്‍ 'ക്യൂ' നിന്ന് കലപിലകൂട്ടി. പനയോലകൊണ്ടു വട്ടത്തില്‍ തീര്‍ത്ത കുടകളും മുളംകമ്പുകള്‍കൊണ്ട് കാലുകളും കൂട്ടിച്ചേര്‍ത്ത് കുഞ്ഞിരാമേട്ടന്‍ പല വലിപ്പത്തില്‍ തീര്‍ക്കുന്ന അത്ഭുതങ്ങള്‍ ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു. സ്‌കൂള്‍വരാന്തയില്‍ കാവല്‍നിന്ന അനേകം കുടകള്‍, മഴക്കാറ്റില്‍ ഉരുണ്ടും തെന്നിയും ചിലപ്പോള്‍ മുന്നിലെ തോട്ടില്‍, ഒഴുക്കുവെള്ളത്തിലെത്തിപ്പെടും. വയലില്‍ നാട്ടിപ്പണി ചെയ്യുന്ന പുരുഷന്മാര്‍, കാലുമുകളിലോട്ടാക്കി ജലസവാരി ചെയ്യുന്ന ഈ 'കുടസ്വാമി'മാര്‍ക്ക് പിന്‍പേ തോട്ടുവക്കത്ത് കൂടെ ആര്‍ത്തുവിളിച്ച് പായും. ഇറവെള്ളം വീണ് കുഴിഞ്ഞ മുറ്റവും മഴയില്‍ വെറുങ്ങലിച്ചു നിന്ന നന്ത്യാര്‍വട്ടച്ചെടികളും ഇലകള്‍ തൂങ്ങിയാടുന്ന വാഴകളും ട്രൗസറിന്റെ നനവുപടര്‍ന്ന ഉയരം കുറഞ്ഞ ബഞ്ചുകളും ചുവരില്‍ തൂങ്ങിയാടുന്ന ഗാന്ധിജിയുടെ കലണ്ടറുമായി, മഴയുടെ പരഭാഗശോഭയില്ലാതെ, കോവൂര്‍ സെന്‍ട്രല്‍ യു.പി. സ്‌കൂളിനെ ഇപ്പോഴും ഓര്‍ക്കാനാവില്ല. ആ സ്‌കൂളില്‍ തന്നെ അദ്ധ്യാപികയായ അമ്മയായിരുന്നു എന്റെ മഴക്കിനാവുകള്‍ക്കും സ്വാതന്ത്ര്യത്തിനും ഏറ്റവും വലിയ തടസ്സം. മാസത്തില്‍ നാലുതവണ മുറതെറ്റാതെ വന്നെത്തിയിരുന്ന പനി, മഴയുടെ എല്ലാ സുകൃതങ്ങളില്‍നിന്നും എന്നെ അന്യനാക്കി. അവിഹിതമായ ആനന്ദമായി, പ്രലോഭനവും വെല്ലുവിളിയുമായി, ബാല്യത്തിന്റെ ആകാശങ്ങളില്‍ മഴ വെറുങ്ങലിച്ചുനിന്നു.


താളും തകരയും ഉണക്കമീനും


വീട്ടുവരാന്തകളില്‍ മണ്ണ് കുഴച്ച് വൃത്താകൃതിയില്‍ കെട്ടിയുണ്ടാക്കുന്ന 'തീത്തണകള്‍' അക്കാലത്ത് മിക്ക വീടുകളിലും ഉണ്ടായിരുന്നു. സന്ധ്യയാകുമ്പോള്‍ ചകിരിയും വിറക് ചുള്ളികളും തീയിട്ട് തീത്തണയില്‍നിന്ന് പുക ഉയര്‍ത്തും. ചക്കയുടെയും മാങ്ങയുടെയും അവശിഷ്ടങ്ങള്‍ എമ്പാടും ചിതറി നിന്ന വീട്ടുപറമ്പ് പുതുമഴയില്‍ കൊതുകുകളുടെയും 'അണ്ങ്ങു'കളുടെയും താവളമായി മാറിക്കഴിഞ്ഞിരിക്കും. കൊതുകുകടിയേല്‍ക്കാതെ തീത്തണക്കടുത്തിരുന്ന് ചൂടേല്‍ക്കുമ്പോള്‍ കുട്ടികള്‍, മുതിര്‍ന്നവര്‍ കാണാതെ ഒന്നോ രണ്ടോ ചക്കക്കുരു ചുട്ടുതിന്നുവെന്ന് വരും. ഓടിട്ട വീടുകള്‍ക്ക് മഴക്കാലത്ത് മറ്റൊരു വലിയ ഭീഷണി നേരിടാനുണ്ടായിരുന്നു. വണ്ടിന്റെ ആകൃതിയിലുള്ള ചെമ്പന്‍ നിറമുള്ള ഒരുതരം ചെറുപ്രാണികള്‍ ഓടുകളില്‍നിന്ന് ഇറങ്ങിവരും. 'ഓട്ടുറുമ' എന്നാണ് അവ അറിയപ്പെട്ടിരുന്നത്. പ്രത്യക്ഷത്തില്‍ നിരുപദ്രവിയെന്ന് തോന്നിക്കുമെങ്കിലും അവയുടെ എണ്ണത്തിലുള്ള പെരുപ്പം ആരെയും ഭയപ്പെടുത്താന്‍ പോന്നവയായിരുന്നു.
അനാസക്തരായ സാര്‍ത്ഥവാഹക സംഘങ്ങളായി ആയിരക്കണക്കിന് ഓട്ടുറുമകള്‍ ഓരോ വീട്ടിലും താവളമടിക്കും. ഉണങ്ങിയ രണ്ടു ചിരട്ടകള്‍ കൂട്ടിക്കൊട്ടി തുടര്‍ച്ചയായി ശബ്ദമുണ്ടാക്കിയാല്‍ ഓട്ടുറുമകള്‍ ഒഴിഞ്ഞുപോകും എന്നായിരുന്നു വിശ്വാസം. അതിന്റെ ശാസ്ത്രീയതയെക്കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ട്. പക്ഷേ, സന്ധ്യവിളക്ക് കത്തിച്ചുകഴിഞ്ഞാല്‍ വയല്‍വരമ്പിലൂടെ നടക്കുന്ന ഒരാള്‍ക്ക്, ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നുയരുന്ന ചിരട്ടകളുടെ ഈ സിംഫണി, അസാധാരണമായ ഒരനുഭവം തന്നെയാകും. നിര്‍ത്താതെ പെയ്യുന്ന മഴയില്‍, ഒട്ടൊരു വിഷാദച്ഛായയില്‍, ഒരേ സ്ഥായിയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആ ശബ്ദവീചി, തികച്ചും ഗ്രാമ്യവും ദുരൂഹവുമായ ഏകാന്തതയുടെ സ്പര്‍ശനികളാവും. വയലിലും പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവര്‍ തൊഴിലൊന്നുമില്ലാതെ നിരുന്മാഷരായി ചായപ്പീടികയുടെ വരാന്തകളില്‍ കൂനിക്കൂടിയിരിക്കും. അല്ലെങ്കില്‍, വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വെട്ടിച്ചു നീന്തുന്ന ഒരു 'പുല്ലനെ'യോ 'കയിച്ചലി'നേയോ ധ്യാനിച്ച് തോട്ടുവക്കില്‍ ചൂണ്ടയുമായി തപസ്സിരിക്കും. ദാരിദ്ര്യം അക്കാലത്ത് പൊതുവായി എല്ലാവരും പങ്കുവച്ച ഒരു യാഥാര്‍ത്ഥ്യമായിരുന്നു. താളു തകരയും വാഴക്കണ്ടയും ദരിദ്രര്‍ക്ക്; വെള്ളരിക്കയും ചക്കക്കുരുവും ഉണക്കമീനും സമ്പന്നര്‍ക്ക്. ഭൂസ്വത്തും വരുമാനവുമില്ലാത്ത മുസ്ലിം കുടുംബത്തിലെ സ്ത്രീകള്‍ വീടുതോറും കയറിയിറങ്ങി, മണ്ണുപുരട്ടി ഉണക്കി സൂക്ഷിച്ച ചക്കക്കുരു യാചിച്ചു വാങ്ങും. പലരും കേടുവന്ന് പൂപ്പല്‍ കെട്ടിയ കറുത്ത കുരു മാത്രം അവര്‍ക്ക് നല്‍കി. 'ഒരാണി' വെല്ല (ശര്‍ക്കരയുടെ ഒരുവകഭേദം) ത്തിന്റെ ആര്‍ഭാടത്തോടെ ധാരാളം വെള്ളത്തില്‍ ഇത്തിരി ചായപ്പൊടിയിട്ട് തിളപ്പിച്ച ചായയും പുഴുങ്ങിയ ചക്കക്കുരുവും മാത്രം ഭക്ഷിച്ച് ദിവസങ്ങളോളം അവര്‍ ജീവന്‍ നിലനിര്‍ത്തി.


നിര്‍ത്താതെ പെയ്യുന്ന മോഹമഴ


മഴക്കാലം വായനക്കാലം കൂടിയാണ്. വായന ഗൗരവമായി എടുത്ത ഏതൊരാള്‍ക്കും മഴയുടെ ശബ്ദങ്ങള്‍ക്കൊപ്പം മാത്രം ഓര്‍മ്മിക്കാവുന്ന ചില      പുസ്തകങ്ങളെങ്കിലുമുണ്ടാവും. മുട്ടത്തുവര്‍ക്കിയും കാനവും എം.ടിയും ഉറൂബൂം ബഷീറും നന്തനാരും പാറപ്പുറത്തും ('തേന്‍വരിക്ക' എന്ന നോവല്‍ ഒരു മഴക്കാല സ്മരണയായി ഇപ്പോഴും ഓര്‍മ്മയിലുണ്ട്) ബാല്യകൗമാരങ്ങളില്‍ മഴയുടെ നാനാര്‍ത്ഥങ്ങള്‍ക്കൊപ്പം എന്നിലേക്ക് കുടിയേറിയവരാണ്. പ്രണയത്തിന് ചേക്കേറാന്‍ മഴപോലെ നല്ല ഒരു ചില്ല വേറെയില്ല. പക്ഷേ, എന്നെ സംബന്ധിച്ച് ഈ പ്രണയാനുഭവങ്ങള്‍ നല്‍കിയത് പുസ്തകങ്ങളും മഴയും ചേര്‍ന്ന സങ്കല്പരഥ്യകളാണ്. ഇക്കിളിപ്പെടുത്തിയും താരാട്ടിയും ചിണുങ്ങിയും കുണുങ്ങിയും പ്രാകിയും പല്ലിറുമ്മിയും ശാസിച്ചും നിലവിളിച്ചും പൊട്ടിച്ചിരിച്ചും അട്ടഹസിച്ചും പലവിതാനങ്ങളില്‍ അറിഞ്ഞ മഴയുടെ ചില്ലകളിലിരുന്നാണ്, പില്‍ക്കാലത്ത് ഞാന്‍ ദസ്തയെവ്‌സ്‌ക്കിയും കാഫ്ക്കയും ഹെസ്സെയും അമാദോയും മാര്‍ക്കേസും യോസയും വായിച്ചുതീര്‍ത്തത്. ഇപ്പോള്‍, പല്ലിളിച്ചുകാട്ടി ഓടിമറയുന്ന ഭ്രാന്തിത്തള്ളയെപ്പോലെ 'കുറുക്കന്റെ കല്യാണ'മായി (ചാറ്റല്‍മഴയും പൊന്‍വെയിലും കാട്ടിലെ കുറുക്കന്റെ കല്യാണം എന്ന് ചൊല്ല്) പെയ്‌തൊടുങ്ങുന്ന മഴകള്‍ നോക്കിയിരിക്കെ, മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളില്‍ മക്കോണ്ടോയില്‍ പെയ്തത് പോലുള്ള ഒരു മഴയ്ക്കുവേണ്ടി ആഗ്രഹിച്ചു പോവുന്നു; നാലുവര്‍ഷവും പതിനൊന്നു മാസവും രണ്ടു ദിവസവും നിലയ്ക്കാതെ നിന്നു പെയ്ത മഴ! മാര്‍ക്കേസ് എഴുതിയത് പോലെ, മഹാമാരി തന്നെ അതുണ്ടാക്കുന്ന ദുരന്തത്തേയും മടുപ്പിനെയും പ്രതിരോധിക്കുന്ന ഒരവസ്ഥ! അത്തരമൊരു മഴയില്‍ മനുഷ്യരുടെ സ്വാര്‍ത്ഥതയും ഹിംസയും സ്‌നേഹരാഹിത്യവും കീഴ്‌മേല്‍മറിഞ്ഞ ധര്‍മ്മനീതികളും ഒഴുകി ഒലിച്ചുപോയിരുന്നെങ്കില്‍!